പരാതി പരിഹാര സംവിധാനങ്ങള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥന്മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും സ്ഥലംമാറ്റപ്പെട്ടതുമായ ഉദ്യോഗസ്ഥന്മാരും ഭരണപരമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ നിയമാനുസൃതം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ചുമതല. പരാതികൾ ഏതൊരു വ്യക്തിക്കും ഇടനിലക്കാരന്റെ സഹായമില്ലാതെ ഓംബുഡ്‌സ്മാൻ സെക്രട്ടറിക്കു മുമ്പാകെ നേരിട്ടോ, രജിസ്റ്റേഡ്/സാധാരണ തപാൽ വഴിയോ നൽകാവുന്നതാണ്. വെള്ളക്കടലാസിൽ എഴുതിയ പരാതിയൊടൊപ്പം ശരിയായി പുരിപ്പിച്ച ഫോറം 'എ' (പത്തുരൂപയുടെ കോർട്ടഫീ സ്റ്റാമ്പ് ഒട്ടിച്ചത്) പരാതിയുടെ പകര്‍പ്പുകള്‍(എതിര്‍ കക്ഷികളുടെെ എണ്ണം + രണ്ട്) എന്നിവയും സമർപ്പിക്കണം. ഓംബുഡ്‌സ്മാന്റെ സിറ്റിങ്ങുകൾ തിരുവനന്തപുരത്തുള്ള ഓഫീസിലും എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിവരുന്നു. പത്തുരൂപയുടെ കോർട്ടഫീ സ്റ്റാമ്പിനുള്ള ചെലവൊഴിച്ച് മറ്റ് യാതൊരു വിധത്തിലുള്ള ഫീസുകളും കക്ഷികളിൽ നിന്നും ഈടാക്കുകയില്ല. കേസുമായി ബന്ധപ്പെട്ട ഏതൊരു വ്യക്തിക്കും ഓംബുഡ്സ്മാനു മുമ്പാകെ അഭിഭാഷകന്റെയോ, മറ്റു പരസഹായം കൂടാതെയോ നേരിട്ടും നിർഭയമായും ഹാജരാകുന്നതിനും തങ്ങളുടെ വാദഗതികൾ അവതരിപ്പിച്ച് പരിഹാരം തേടുന്നതിനും കഴിയും.
2.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ റിവിഷൻ എന്നിവ പരിഗണിക്കുകയും തീർപ്പ് കൽപ്പിക്കുകയുമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു വേണ്ടി നിയമിച്ചിട്ടുള്ള ട്രൈബ്യൂണലിൻ്റെ ചുമതല. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ ഉദ്യോഗസ്ഥനാണ് ട്രൈബ്യൂണലായി നിയമിക്കപ്പെടുന്നത്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളുടെ ഏതെങ്കിലും തീരുമാനത്തിൻ്റെ നിയമസാധുതയെ പറ്റിയോ നിലനിൽപ്പിനെ പറ്റിയോ സർക്കാരിൽ നിന്നും ലഭിക്കുന്ന പരാമർശത്തിന്മേൽ അഭിപ്രായം നൽകാനും ട്രൈബ്യൂണലിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഹർജികൾ ഏത് ഉത്തരവിന് എതിരെയുള്ളതാണോ അതിൻ്റെ തീയതി മുതൽ 30 ദിവസത്തിനകം ഫോറം സിയിൽ നൽകണം. ട്രൈബ്യൂണലിന്റെ അനുവാദത്തേ ടെ ഒരു മാസം കാലതാമസഹർജിയോടുകൂടി അപ്പിൽ റിവിഷൻ ഫയൽ ചെയ്യാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപ്പീൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീരുമാനമാകാത്ത സംഗതികളിൽ 90 ദിവസത്തിനകം ട്രൈബ്യൂണലിൽ ഹർജി നൽകിയാൽ മതിയാകും. ഹർജിയോടൊപ്പം ഹർജിയുടെയും അതുമായി ബന്ധപ്പെട്ട രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പം ഹർജിയിൽ എത്ര എതിർകക്ഷികളുണ്ടോ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ട്രൈബ്യൂണൽ മുമ്പാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാലായോ നൽക്കാം. ഹർജിയോടൊപ്പം 50 രൂപ ഫീസായി ട്രൈബ്യൂണലിന്റെ ഓഫീസിലോ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന ഡി.ഡി ആയോ ഒടുക്കാവുന്നതാണ്. കൂടാതെ 100 രൂപ ലീഗൽ ബനിഫിറ്റ് ഫണ്ട് സ്റ്റാമ്പ് ഹർജിയിൽ പതിക്കേണ്ടതുമാണ്. വിലാസം: സെക്രട്ടറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ ശ്രീമൂലം ബിൽഡിംഗ്സ്, കോർട്ട് കോംപ്ലക്‌സ്, വഞ്ചിയൂർ, തിരുവനന്തപുരം.
3. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
കേരള മുഖ്യമന്ത്രി ഓഫീസ് (CMO) പോർട്ടൽ ഒരു പൊതുജന പരാതിപരിഹാര സംവിധാനമാണ്. വളരെ കാര്യക്ഷമമായി പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള ഈ വെബ്‌സൈറ്റിൽ പരാതികൾ സമർപ്പിക്കുക, അവയുടെ നില പരിശോധിക്കുക, ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു. അതുപോലെ തന്നെ, സംസ്ഥാന സേവനങ്ങൾ, പരാതിവിവരം പരിഹാരം, ദുരിതാശ്വാസ നിധി റിപ്പോർട്ടുകൾ എന്നിവയ്ക്ക് ഡാഷ്ബോർഡുകളും, സേവനങ്ങൾക്കുള്ള പൊതുജനങ്ങളുടെ സാക്ഷ്യപത്രം എന്നിവ ഉൾക്കൊള്ളുന്നു. ഈ പോർട്ടൽ പൗരസേവനങ്ങളെ കൂടുതൽ ജനകീയവും സേവനസന്നദ്ധവുമായതാക്കാൻ ലക്ഷ്യമിടുന്നു.
4. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര സംവിധാനം.
തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളിലെ വിവിധ തലത്തിലുള്ള ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഒരു പരാതി പരിഹാര സംവിധാനമാണിത്. ഈ വകുപ്പുകളുമായിബന്ധപ്പെട്ട പരാതികൾ മന്ത്രിക്ക് സമർപ്പിക്കുവാൻ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ ഉപയോഗപ്പെടുത്താം. പരാതികളിലെ ഓരോ നീക്കവും പരാതിക്കാരന് എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കുന്നതായിരിക്കും.